19-March-2023 -
By. news desk
കൊച്ചി: മനുഷ്യന്റെ മര്യാദയാണ് നിയമങ്ങളെന്നും അത് പാലിക്കുന്നത് നമുക്ക് വേണ്ടിയല്ല, മറ്റുളളവര്‍ക്ക് കൂടി വേണ്ടിയാണെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന്. വാഹനമോടിക്കുന്നവര്‍ മറ്റുള്ളവരെ കൂടി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിന് ഷിപ്പ് യാര്‍ഡുമായി സഹകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന 'താങ്ക്സ്, സോറി, പ്ലീസ്' ക്യാമ്പയിന്റെ (ടി.എസ്പി കള്‍ച്ചര്‍ ഓണ്‍ റോഡ് ട്രാഫിക്) ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അശ്രദ്ധയാണ് ഓരോ വാഹന അപകടങ്ങള്‍ക്കും വഴിവെക്കുന്നത്. എന്തിനാണ് ഇങ്ങനെ വാഹനം ഓടിക്കുന്നത് എന്ന് ഓരോരുത്തരും ചോദിക്കേണ്ടതാണ്. വാഹനമോടിക്കാന്‍ പഠിപ്പിക്കുന്നതിനൊപ്പം റോഡുകളില്‍ പാലിക്കേണ്ട മര്യാദകളും പഠിപ്പിക്കേണ്ടതുണ്ട്. ഓരോ വിദ്യാര്‍ത്ഥികളിലേക്കും ഇക്കാര്യം എത്തിക്കേണ്ടതുണ്ടത്. ക്യാമ്പയിന്റെ ഭാഗമായി നിര്‍മിച്ച ഹ്രസ്വ ചിത്രങ്ങള്‍ സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കണം. റോഡുകളില്‍ വാഹനങ്ങള്‍ പെരുകുന്നതിനനുസരിച്ച് ഡ്രൈവര്‍മാരുടെ ഉത്തരവാദിത്വം വര്‍ധിക്കേണ്ടതുണ്ട്. മറ്റുള്ളവരെ പരിഗണിക്കാതെ വാഹനം ഓടിച്ച് അപകടങ്ങള്‍ സൃഷ്ടിക്കുന്നത് വലിയ അപരാധമാണെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
കളമശേരി രാജഗിരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ സിനിമാ താരം മഞ്ജു വാര്യര്‍ മുഖ്യാത്ഥിതിയായി. ക്യാമ്പയിന്റെ ലോഗോ പ്രകാശനം ജസ്റ്റിസ് ദേവന് രാമചന്ദ്രനും മഞ്ജു വാര്യരും ചേര്‍ന്ന് നിര്‍വഹിച്ചു. ക്യാമ്പയിന്റെ ഭാഗമായി നിര്‍മ്മിച്ച ഹ്രസ്വ ചിത്രങ്ങള്‍ അടങ്ങിയ സി.ഡി. കൊച്ചിന് ഷിപ്പ് യാര്‍ഡ് അസി. ജനറല്‍ മാനേജര്‍ പി.എന്‍. സമ്പത്ത് കുമാര്‍ പ്രകാശനം ചെയ്തു. പ്രചാര പ്രവര്‍ത്തനത്തിനായി തയ്യാറാക്കിയ ടി. ഷര്‍ട്ട് ഡിസൈനുകള്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ പി. വിഷ്ണു രാജ് നിര്‍വഹിച്ചു.ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഓണ്‍ലൈനിലൂടെ സന്ദേശം നല്കി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാരായ ഷാജി മാധവന്, എം.പി ജെയിംസ്, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജി. അനന്ത കൃഷ്ണന്, സിനിമാതാരം ഇബ്രാഹിംകുട്ടി, എസ്.സി.എം.എസ് ഗ്രൂപ്പ് വൈസ് ചെയര്മാന് പ്രമോദ് പി തേവന്നൂര്‍, രാജഗിരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഫാദര്‍ മാര്ട്ടിന് മുണ്ടാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മികച്ച റോഡ് സംസ്കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന ക്യാമ്പയിനാണ് ടി.എസ്.പി ക്യാമ്പയിന്. നിയമങ്ങള്‍ പാലിച്ച് മറ്റുള്ളവരെ ബഹുമാനിക്കാനും മറ്റുള്ളവരുടെ വാഹനം കടന്നുപോകുന്നതിനായി ഒരു സെക്കന്റ് വാഹനം നിര്‍ത്തുന്നത് തെറ്റല്ലെന്നും ജനങ്ങളെ ഉദ്ബോധനം ചെയ്യുക എന്നതാണ് ലക്ഷ്യം. റോഡില്‍ ഒരു തെറ്റ് പറ്റിയാല്‍ ക്ഷമ ചോദിക്കുന്നതോ, നന്ദി പറയുന്നതോ ഒന്നും ഒരു തെറ്റല്ലെന്നും ഓര്‍മിപ്പിക്കുന്നതാണ് ക്യാമ്പയിന്. കൊച്ചിന് ഷിപ്പ്യാര്ഡുമായി സഹകരിച്ചാണ് ക്യാമ്പയിന് നടത്തുന്നത്. നിയമത്തിന്റെ അടിച്ചേല്‍പ്പിക്കലുകള്‍ ഇല്ലാതെ വൈകാരിക തലത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് ചിത്രങ്ങളും നിര്‍മ്മിച്ചിരുന്നു. സിനിമാതാരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് തുടങ്ങിയവരാണ് ഹൃസ്വചിത്രങ്ങളില്‍ സന്ദേശങ്ങള്‍ നല്‍കുന്നത്. ആദ്യഘട്ടത്തില്‍ എറണാകുളം ജില്ലയില്‍ നടപ്പാക്കുന്ന ക്യാമ്പയിന് പിന്നീട് മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.